മുണ്ടക്കയം: ഈസ്റ്റർ, വിഷു അവധി ദിവസങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണവും എത്തിയതോടെ മുണ്ടക്കയം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മുണ്ടക്കയം പൈങ്ങന ബൈപ്പാസ് ജംഗ്ഷൻ മുതൽ കല്ലേപ്പാലം വരെയും ബൈപാസ് റോഡും, എരുമേലി റോഡിൽ പുത്തൻചന്ത വരെയും പൂർണമായും ഗതാഗതക്കുരുക്കിൽ അമർന്ന കാഴ്ചയാണ് ഇന്നലെ രാവിലെ കാണുവാനുണ്ടായിരുന്നത്.
സ്കൂളുകൾ അടച്ചതോടെ അവധിക്കാലം ആഘോഷിക്കുന്നതിനും ഷോപ്പിംഗിനും വിശേഷ ദിവസങ്ങളിൽ ബന്ധുമിത്രാദികളുടെ വീടുകൾ സന്ദർശിക്കുന്നതിനും വിനോദ യാത്രകൾക്കുമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർഥികൾ വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങിയതും പ്രചാരണ വാഹനങ്ങൾ റോഡിൽ നിരന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് മുണ്ടക്കയം ടൗണിന്റെ പല ഭാഗത്തും കാണുവാനുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിഐപികൾ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിന് എത്തുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ വാഹനഗതാഗതം നിയന്ത്രിക്കുവാൻ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. രണ്ടോ മൂന്നോ ഹോംഗാർഡുകളെകൊണ്ട് കിലോമീറ്റർ നീളുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
റോഡിന്റെ വശങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമാണ്. മുണ്ടക്കയം ടിബി ജംഗ്ഷൻ മുതൽ കോസ്വേ ജംഗ്ഷൻ വരെയുള്ള ദേശീയപാതയുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ കോസ്വേ കവലയിൽ നിന്നു കയറിവരുന്ന വാഹനങ്ങൾ തിരിഞ്ഞ് ദേശീയപാതയിലേക്ക് കയറുവാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
കോസ്വേ പാലം കവലയിൽ ബൈപ്പാസ് റോഡിൽ നിന്നും എരുമേലി റോഡിൽ നിന്നും വാഹനങ്ങൾ എത്തിയതോടെ ഗതാഗത നിയന്ത്രണം ഓട്ടോറിക്ഷ ഡ്രൈവർമാർ ഏറ്റെടുക്കേണ്ട സ്ഥിതിയുമുണ്ടായി. അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കുന്നതിനോടൊപ്പം ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരിക്കും മുണ്ടക്കയം ടൗണിൽ അനുഭവപ്പെടുക.